ബോളിവുഡിന്‍റെ പ്രിയങ്കരി നഫീസ അലി മലയാളിക്കും സുപരിചിതയായ താരമാണ്. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലെ മേരി ജോൺ കുരിശിങ്കൽ എന്ന ശക്തമായ കഥാപാത്രം ചലച്ചിത്രാസ്വാദകരുടെ മനസിൽ എന്നും നിലനിൽക്കും. 1976ൽ, തന്‍റെ പത്തൊന്പതാം വയസിൽ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട നഫീസ ഒരു തലമുറയുടെ സ്വപ്നസുന്ദരിയായിരുന്നു.
വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന താരം അസുഖബാധിതയായതിനെത്തുടർന്ന്, പൊതുമധ്യത്തിൽ അത്ര സജീവമായിരുന്നില്ല. ഇപ്പോൾ, കാൻസറിന്‍റെ നാലാം ഘട്ടത്തിലും വറ്റാത്ത ആത്മവിശ്വാസവുമായി നഫീസ അലി നടത്തിയ ട്രെക്കിംഗ് വാർത്തയാണ് താരത്തെ സ്നേഹിക്കുന്നവർ പ്രാർഥനയോടെ ഏറ്റെടുത്തത്. 69 വയസ് പിന്നിടുന്പോഴും രോഗാവസ്ഥയോടു പോരാടി ഹിമാചൽ പ്രദേശിലെ റോഹ്താംഗിൽ പതിനൊന്നായിരം അടി ഉയരമുള്ള മലനിരകൾ കീഴടക്കിയിരിക്കുകയാണ് ഈ മുൻ മിസ് ഇന്ത്യ. കീമോതെറാപ്പികൾക്കു വിധേയയായിക്കൊണ്ടിരിക്കെയാണ് കുടുംബത്തോടൊപ്പം നഫീസ സാഹസികയാത്ര നടത്തിയത്.